നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ജെയിംസ് ബാങ്ക്സ്

കാണുന്നവന്‍

''ഓ, ഇല്ല!'' അടുക്കളയിലേക്ക് കാലെടുത്തുവച്ചപ്പോള്‍ എന്റെ ഭാര്യയുടെ ശബ്ദം മുഴങ്ങി. അവള്‍ അതു പറഞ്ഞ നിമിഷം, ഞങ്ങളുടെ തൊണ്ണൂറ് പൗണ്ട് തൂക്കമുള്ള ലാബ്രഡോര്‍ ''മാക്‌സ്'' മുറിയില്‍ നിന്ന് പുറത്തേക്കു പാഞ്ഞു.

അടുക്കള കൗണ്ടറിന്റെ വക്കിനോടു ചേര്‍ന്ന് വെച്ചിരുന്ന ആട്ടിറച്ചിക്കഷണം പോയി. മാക്‌സ് അത് തിന്നു ഒരു ശൂന്യമായ പാത്രം മാത്രം അവശേഷിപ്പിച്ചു. അവന്‍ ഒരു കട്ടിലിനടിയില്‍ ഒളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവന്റെ തലയും തോളും മാത്രമേ കട്ടിലിനടിയില്‍ കയറിയുള്ളു. ഞാന്‍ അവനെ പിന്തുടര്‍ന്നു ചെന്നപ്പോള്‍ അവന്റെ അനാവൃതമായ മുതുകും വാലും അവനെ ഒറ്റിക്കൊടുത്തു.

''ഓ, മാക്‌സ്,'' ഞാന്‍ പിറുപിറുത്തു, ''നിന്റെ പാപം നിന്നെ കണ്ടെത്തും.'' യിസ്രായേലിലെ രണ്ട് ഗോത്രങ്ങളോട് ദൈവത്തെ അനുസരിക്കണമെന്നും അവരുടെ വാഗ്ദാനങ്ങള്‍ പാലിക്കണമെന്നും മോശെ ഉപദേശിച്ചപ്പോള്‍ പറഞ്ഞ വാചകമാണ് ഞാന്‍ കടമെടുത്തത്. അവന്‍ അവരോടു പറഞ്ഞു: ''എന്നാല്‍ നിങ്ങള്‍ അങ്ങനെ ചെയ്യുകയില്ല എങ്കില്‍ നിങ്ങള്‍ യഹോവയോടു പാപം ചെയ്തിരിക്കുന്നു; നിങ്ങളുടെ പാപഫലം നിങ്ങള്‍ അനുഭവിക്കും' (സംഖ്യാപുസ്തകം 32:23).

പാപം ഒരു നിമിഷത്തേക്കു സുഖപ്രദമായി തോന്നാം, പക്ഷേ അത് ദൈവത്തില്‍ നിന്നുള്ള വേര്‍പിരിയലിന്റെ ആത്യന്തിക വേദനയ്ക്ക് കാരണമാകുന്നു. ദൈവത്തിന് ഒന്നും മറവല്ലെന്ന് മോശ തന്റെ ജനത്തെ ഓര്‍മ്മിപ്പിക്കുന്നു. ഒരു ബൈബിള്‍ എഴുത്തുകാരന്‍ പറഞ്ഞതുപോലെ, ''അവനു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിനു നഗ്നവും മലര്‍ന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളത്'' (എബ്രായര്‍ 4:13).

എല്ലാം അവന്‍ കാണുന്നുണ്ടെങ്കിലും, നമ്മുടെ പാപം ഏറ്റുപറയാനും അതില്‍ പശ്ചാത്തപിക്കാനും (അതില്‍ നിന്ന് തിരിയാനും) അവനോടൊപ്പം ശരിയായി നടക്കാനും നമ്മുടെ പരിശുദ്ധനായ ദൈവം സ്‌നേഹപൂര്‍വ്വം നമ്മെ ആകര്‍ഷിക്കുന്നു (1 യോഹന്നാന്‍ 1:9). ഇന്ന് നമുക്ക് അവനെ സ്‌നേഹത്തില്‍ അനുഗമിക്കാം.

രക്ഷിക്കുന്നവന്‍

ഡെസ്‌മോണ്ടിനെ, ''ജീവിച്ചിരിക്കുന്ന ധീരനായ വ്യക്തികളില്‍ ഒരാള്‍'' എന്ന് വിളിച്ചിരുന്നു, പക്ഷേ മറ്റുള്ളവര്‍ പ്രതീക്ഷിച്ചതായിരുന്നില്ല അദ്ദേഹം. തോക്ക് കൊണ്ടുനടക്കാന്‍ വിസമ്മതിച്ച സൈനികനായിരുന്നു അദ്ദേഹം. ഒരു ഭിഷഗ്വരന്‍ എന്ന നിലയില്‍ ഒരു യുദ്ധത്തില്‍ പരിക്കേറ്റ എഴുപത്തിയഞ്ച് സൈനികരെ ഏകനായി രക്ഷപ്പെടുത്തി, അക്കൂട്ടത്തില്‍ ഒരിക്കല്‍ അദ്ദേഹത്തെ ഒരു ഭീരുവെന്ന് വിളിക്കുകയും വിശ്വാസത്തെ പരിഹസിക്കുകയും ചെയ്ത വ്യക്തിയും ഉണ്ടായിരുന്നു. കനത്ത വെടിവയ്പു നടക്കുന്നിടത്തേക്ക് ഓടിയ ഈ സൈനികന്‍ നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു, ''കര്‍ത്താവേ, ഒരാളെക്കൂടി രക്ഷിക്കാന്‍ എന്നെ സഹായിക്കണമേ.'' അദ്ദേഹത്തിന്റെ ധീരതയ്ക്ക്് മെഡല്‍ നല്‍കി രാജ്യം ആദരിച്ച്ു.
യേശു വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടതായി തിരുവെഴുത്ത് പറയുന്നു. സെഖര്യാ പ്രവാചകന്‍ മുന്‍കൂട്ടിപ്പറഞ്ഞ ഒരു ദിവസം (9: 9), യേശു കഴുതപ്പുറത്ത് യെരൂശലേമില്‍ പ്രവേശിച്ചു, ജനക്കൂട്ടം മരക്കൊമ്പുകള്‍ വീശി ''ഹോശന്ന!'' (''രക്ഷിക്കുക!'' എന്നര്‍ത്ഥം വരുന്ന സ്തുതിയുടെ ആര്‍പ്പ്) എന്ന് ആര്‍ത്തു വിളിച്ചു. സങ്കീര്‍ത്തനം 118:26 ഉദ്ധരിച്ചുകൊണ്ട് അവര്‍ ഇങ്ങനെ വിളിച്ചുപറഞ്ഞു: ''കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍!'' (യോഹന്നാന്‍ 12:13). എന്നാല്‍ ആ സങ്കീര്‍ത്തനത്തിലെ അടുത്ത വാക്യം ''യാഗപീഠത്തിന്റെ കൊമ്പുകളോളം'' യാഗമൃഗത്തെ കൊണ്ടുവന്നു കെട്ടുന്നതിനെ സൂചിപ്പിക്കുന്നു (സങ്കീര്‍ത്തനം 118:27). യോഹന്നാന്‍ 12-ല്‍ ജനക്കൂട്ടം തങ്ങളെ രക്ഷിക്കാനായി റോമില്‍ നിന്ന് വരുന്ന ഒരു ഭൗമിക രാജാവിനെ പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ യേശു അതിലും ഉന്നതനായ ഒരുവനായിരുന്നു. അവന്‍ രാജാക്കന്മാരുടെ രാജാവും നമ്മുടെ യാഗവും - നമ്മുടെ പാപങ്ങളില്‍ നിന്ന് നമ്മെ രക്ഷിക്കാന്‍ മനഃപൂര്‍വ്വം കുരിശ് സ്വീകരിച്ച ജഡത്തിലുള്ള ദൈവം - നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രവചിച്ച ഒരു ഉദ്ദേശ്യമായിരുന്നു അത്.
യോഹന്നാന്‍ എഴുതുന്നു: ''ഇത് അവന്റെ ശിഷ്യന്മാര്‍ ആദിയില്‍ ഗ്രഹിച്ചില്ല; യേശുവിനു തേജസ്‌കരണം വന്നശേഷം അവനെക്കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു എന്നും തങ്ങള്‍ അവനെ ഇങ്ങനെ ചെയ്തു എന്നും
അവര്‍ക്ക് ഓര്‍മ്മ വന്നു'' (യോഹന്നാന്‍ 12:16). അവന്റെ വചനത്താല്‍ പ്രകാശിതരായപ്പോള്‍ ദൈവത്തിന്റെ നിത്യമായ ഉദ്ദേശ്യങ്ങള്‍ അവര്‍ക്കു വ്യക്തമായി. ശക്തനായ ഒരു രക്ഷകനെ അയയ്ക്കാന്‍ തക്കവണ്ണം അവന്‍ നമ്മെ സ്‌നേഹിക്കുന്നു!

പൂര്‍ണ്ണമായി അറിയപ്പെട്ടത്

'നിങ്ങള്‍ ഇപ്പോള്‍ ഇവിടെ നില്‍ക്കരുത്. മുകളില്‍ ആരോ നിങ്ങളെ അന്വേഷിക്കുന്നു.'' ചെങ്കുത്തായ പര്‍വത മലയിടുക്കിന്റെ അരികില്‍ നിന്ന് കാര്‍ വലിച്ചെടുത്തശേഷം ടയര്‍ ഉരഞ്ഞ പാടുകള്‍ പഠിച്ചുകൊണ്ട് ട്രക്ക് ഡ്രൈവര്‍ എന്റെ അമ്മയോട് പറഞ്ഞു. ആ സമയത്ത് അമ്മ എന്നെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു. ഞാന്‍ വളരുമ്പോള്‍, ആ ദിവസം ദൈവം നമ്മുടെ രണ്ടു ജീവനുകള്‍ രക്ഷിച്ചതിന്റെ കഥ അവള്‍ പലപ്പോഴും വിവരിക്കുമായിരുന്നു. ഞാന്‍ ജനിക്കുന്നതിനുമുമ്പുതന്നെ ദൈവം എന്നെ വിലമതിച്ചിരുന്നുവെന്ന് അവള്‍ എനിക്ക് ഉറപ്പ് നല്‍കി.

നമ്മളാരും സര്‍വ്വജ്ഞനായ (എല്ലാം അറിയുന്ന) സ്രഷ്ടാവിന്റെ ശ്രദ്ധയില്‍ നിന്ന് മറഞ്ഞിരിക്കുന്നില്ല. 2,500 ലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് അവന്‍ യിരെമ്യാ പ്രവാചകനോട് പറഞ്ഞു, ''നിന്നെ ഉദരത്തില്‍ ഉരുവാക്കിയതിനു മുമ്പെ ഞാന്‍ നിന്നെ അറിഞ്ഞു'' (യിരെമ്യാവ് 1:5). ഏതൊരു വ്യക്തിയെക്കാളും കൂടുതല്‍ അടുത്ത് ദൈവം നമ്മെ അറിയുന്നു, മറ്റേതില്‍ നിന്നും വ്യത്യസ്തമായി നമ്മുടെ ജീവിതത്തിന് ലക്ഷ്യവും അര്‍ത്ഥവും നല്‍കാന്‍ അവനു കഴിയും. അവിടുന്ന് തന്റെ ജ്ഞാനത്തിലൂടെയും ശക്തിയിലൂടെയും നമ്മെ രൂപപ്പെടുത്തിയെന്നു മാത്രമല്ല, നമ്മുടെ അസ്തിത്വത്തിന്റെ ഓരോ നിമിഷവും നമ്മെ നിലനിര്‍ത്തുകയും ചെയ്യുന്നു - നമ്മുടെ അവബോധമില്ലാതെ ഓരോ നിമിഷവും സംഭവിക്കുന്ന വ്യക്തിഗത വിശദാംശങ്ങള്‍ ഉള്‍പ്പെടെ അവന്‍ അറിയുന്നു. അതായത് നമ്മുടെ ഹൃദയമിടിപ്പു മുതല്‍ നമ്മുടെ തലച്ചോറിന്റെ സങ്കീര്‍ണ്ണമായ പ്രവര്‍ത്തനം വരെ അവനറിയുന്നു. നമ്മുടെ സ്വര്‍ഗ്ഗീയപിതാവ് നമ്മുടെ അസ്തിത്വത്തിന്റെ എല്ലാ വശങ്ങളും എങ്ങനെ ഉള്‍ക്കൊള്ളുന്നുവെന്നതിനെക്കുറിച്ച് ദാവീദ് ഉദ്ഘോഷിച്ചു, ''ദൈവമേ, നിന്റെ വിചാരങ്ങള്‍ എനിക്ക് എത്ര ഘനമായവ!'' (സങ്കീര്‍ത്തനം 139:17).

നമ്മുടെ അവസാന ശ്വാസത്തേക്കാള്‍ ദൈവം നമ്മോട് കൂടുതല്‍ അടുത്തിരിക്കുന്നു. അവന്‍ നമ്മെ സൃഷ്ടിച്ചു, അവന്‍ നമ്മെ അറിയുന്നു, നമ്മെ സ്‌നേഹിക്കുന്നു, നമ്മുടെ ആരാധനയ്ക്കും പ്രശംസയ്ക്കും അവന്‍ എപ്പോഴും യോഗ്യനാണ്.

കാഠിന്യമേറിയ സ്ഥലങ്ങള്‍

ഒരിക്കല്‍ ഹെറോയിന്‍ ദുരുപയോഗം ചെയ്ത അതേ നഗരത്തില്‍ ഇന്ന് യൂത്ത് പാസ്റ്ററാണ് ജിയോഫ്. ദൈവം അവന്റെ ഹൃദയത്തെയും സാഹചര്യങ്ങളെയും അതിശയകരമായ രീതിയില്‍ രൂപാന്തരപ്പെടുത്തി. ''കുട്ടികളെ അതേ തെറ്റുകള്‍ വരുത്തുന്നതില്‍ നിന്നും ഞാന്‍ അനുഭവിച്ച അതേ വേദന അനുഭവിക്കുന്നതില്‍നിന്നും തടയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,'' ജിയോഫ് പറഞ്ഞു. ''യേശു അവരെ സഹായിക്കും.'' കാലക്രമേണ, ദൈവം അവനെ ആസക്തിയുടെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കുകയും അവന്റെ ഭൂതകാലത്തിനതീതമായി ഒരു സുപ്രധാന ശുശ്രൂഷ നല്‍കുകയും ചെയ്തു.

പ്രതീക്ഷ നഷ്ടപ്പെട്ടതായി തോന്നുന്ന സാഹചര്യങ്ങളില്‍ നിന്ന് അപ്രതീക്ഷിതമായ നന്മ പുറത്തെടുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ദൈവത്തിനുണ്ട്. യോസഫിനെ ഈജിപ്തിലെ അടിമത്തത്തിലേക്ക് വില്‍ക്കുകയും വ്യാജ ആരോപണം ചുമത്തി ജയിലിലേക്ക് അയയ്ക്കുകയും ചെയ്തു, അവിടെ വര്‍ഷങ്ങളോളം അവന്‍ വിസ്മരിക്കപ്പെട്ടു. എന്നാല്‍ ദൈവം അവനെ യഥാസ്ഥാനപ്പെടുത്തുകയും ഫറവോന്റെ കീഴില്‍ നേരിട്ട് അധികാരസ്ഥാനത്ത് എത്തിക്കുകയും ചെയ്തു - അവനെ ഉപേക്ഷിച്ച സഹോദരങ്ങളുടെ ജീവന്‍ ഉള്‍പ്പെടെ നിരവധി ജീവന്‍ രക്ഷിക്കാന്‍ അവന് കഴിഞ്ഞു. ഈജിപ്തില്‍ യോസേഫ് വിവാഹം കഴിച്ചു മക്കളുണ്ടായി. അവന്‍ രണ്ടാമത്തെ മകന് എഫ്രയീം (''രണ്ടുതവണ ഫലവത്താകുന്നു'' എന്നര്‍ത്ഥമുള്ള എബ്രായ പദത്തില്‍ നിന്ന്) എന്ന് നാമകരണം ചെയ്തു. അതിന് അവന്‍ പറഞ്ഞു കാരണം: ''സങ്കടദേശത്ത് ദൈവം എന്നെ വര്‍ദ്ധിപ്പിച്ചു'' (ഉല്പത്തി 41:52).

ജിയോഫിന്റെയും യോസഫിന്റെയും കഥകള്‍ തമ്മില്‍ മൂവായിരമോ നാലായിരമോ വര്‍ഷത്തെ വ്യത്യാസമുണ്ട് എങ്കിലും അവ മാറ്റമില്ലാത്ത ഒരേ സത്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു: നമ്മുടെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ സ്ഥലങ്ങള്‍ പോലും പലരെയും സഹായിക്കാനും അനുഗ്രഹിക്കാനുമുള്ള ഫലഭൂയിഷ്ഠമായ സ്ഥലമായി മാറും. നമ്മുടെ രക്ഷകന്റെ സ്‌നേഹവും ശക്തിയും ഒരിക്കലും മാറില്ല, അവനില്‍ വിശ്വസിക്കുന്നവരോട് അവന്‍ എപ്പോഴും വിശ്വസ്തനാണ്.

സ്‌നേഹിക്കാന്‍ ലൈനില്ല

എന്റെ നായയ്ക്ക് എന്റെ ശ്രദ്ധ ആവശ്യമായി വരുമ്പോഴൊക്കെ, അവന്‍ എന്റെ എന്തെങ്കിലും സാധനം കൈക്കലാക്കിയിട്ട് എന്റെ മുമ്പിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കും. ഒരു പ്രഭാതത്തില്‍ ഞാന്‍ മേശയ്ക്കരികില്‍ പുറം തിരിഞ്ഞിരുന്ന് എഴുതിക്കൊണ്ടിരിക്കുമ്പോള്‍, എന്റെ നായ മാക്‌സ് എന്റെ പേഴ്‌സ് തട്ടിയെടുത്തുകൊണ്ട് ഓടി. അവനതു ചെയ്തത് ഞാന്‍ കണ്ടില്ലെന്നു മനസ്സിലായപ്പോള്‍, അവന്‍ മടങ്ങിവന്ന് മൂക്കുകൊണ്ട് എന്നെ ഉരസി-പേഴ്‌സ് വായില്‍ വെച്ച് നൃത്തം ചെയ്യുന്ന കണ്ണുകളോടെ, വാലാട്ടിക്കൊണ്ട് കളിക്കാന്‍ എന്നെ ക്ഷണിച്ചു.

മാക്‌സിന്റെ കോമാളിത്തം എന്നില്‍ ചിരിയുണര്‍ത്തി, എങ്കിലും മറ്റുള്ളവര്‍ക്ക് ശ്രദ്ധ കൊടുക്കുന്നതിലുള്ള എന്റെ പരിമിതിയെക്കുറിച്ച് അതെന്നെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. പലപ്പോഴും കുടുംബാംഗങ്ങളും സ്‌നേഹിതരുമായി സമയം ചിലവഴിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുമെങ്കിലും മറ്റു കാര്യങ്ങള്‍ എന്റെ സമയത്തെയും ശ്രദ്ധയെയും അപഹരിക്കും; ഞാന്‍ ബോധവാനാകുംമുമ്പെ ദിവസങ്ങള്‍ കടന്നുപോകയും സ്‌നേഹം പ്രകടിപ്പിക്കാതെ പോകയും ചെയ്യും.

നമ്മുടെ സ്വര്‍ഗ്ഗീയ പിതാവ് നാം ഓരോരുത്തര്‍ക്കും ഏറ്റവും ഗാഢമായ നിലയില്‍ ശ്രദ്ധ തരുവാന്‍ തക്കവിധം വലിയവനാണ് എന്നത് എത്രമാത്രം ആശ്വാസകരമാണ്-നാം ജീവിക്കും കാലമത്രയും നമ്മുടെ ശ്വാസകോശത്തിലെ ഓരോ ശ്വാസത്തെയും നിലനിര്‍ത്തുന്നത് അവനാണ്. അവന്‍ തന്റെ ജനത്തിനു നല്‍കുന്ന വാഗ്ദത്തം: 'നിങ്ങളുടെ വാര്‍ദ്ധക്യം വരെ ഞാന്‍ അനന്യന്‍ തന്നേ; നിങ്ങള്‍ നരയ്ക്കുവോളം ഞാന്‍ നിങ്ങളെ ചുമക്കും; ഞാന്‍ നിങ്ങളെ നിര്‍മ്മിച്ചിരിക്കുന്നു; ഞാന്‍ നിങ്ങളെ വഹിക്കും'' (യെശയ്യാവ് 46:4).

ദൈവത്തിന് എല്ലായ്‌പ്പോഴും നമുക്കുവേണ്ടി സമയമുണ്ട്. നമ്മുടെ സാഹചര്യങ്ങളുടെ എല്ലാ വിശദാംശങ്ങളും അവന്‍ മനസ്സിലാക്കുന്നു-അതെത്രമാത്രം സങ്കീര്‍ണ്ണവും പ്രയാസകരവും ആയാലും-നാം പ്രാര്‍ത്ഥനയില്‍ എപ്പോള്‍ അവനെ വിളിച്ചാലും അവനവിടെയുണ്ട്. നമ്മുടെ രക്ഷകന്റെ പരിതിയില്ലാത്ത സ്‌നേഹത്തിനായി നാം ഒരിക്കലും ലൈനില്‍ കാത്തുനില്‍ക്കേണ്ട കാര്യമില്ല.

പ്രാര്‍ത്ഥിക്കാനുള്ള പ്രേരണ

'വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് കൂടെക്കൂടെ നിനക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള പ്രേരണ എനിക്കുണ്ടാകുമായിരുന്നു, എന്തുകൊണ്ടാണെന്ന് ഞാന്‍ അത്ഭുതപ്പെട്ടിരുന്നു.'

എന്റെ പഴയ സ്‌നേഹിതയുടെ ടെക്സ്റ്റ് മെസ്സേജിനൊപ്പം അവള്‍ ബൈബിളില്‍ സൂക്ഷിച്ചിരുന്ന ഒരു കുറിപ്പിന്റെ ഫോട്ടോയും ഉണ്ടായിരുന്നു: 'ജെയിംസിനുവേണ്ടി പ്രാര്‍ത്ഥിക്കുക. മനസ്സിനെയും ചിന്തകളെയും വാക്കുകളെയും മൂടുക.' എന്റെ പേരിനൊപ്പം അവള്‍ മൂന്നു വ്യത്യസ്ത വര്‍ഷങ്ങളും രേഖപ്പെടുത്തിയിരുന്നു.

ആ വര്‍ഷങ്ങള്‍ നോക്കിയപ്പോള്‍ എന്റെ ശ്വാസം നിലച്ചു. ഏതു മാസത്തിലാണ് അവള്‍ പ്രാര്‍ത്ഥിക്കാനാരംഭിച്ചത് എന്നു ഞാന്‍ തിരിച്ചു ചോദിച്ചു. 'ജൂലൈയോടടുത്താണ്' അവളുടെ മറുപടി ലഭിച്ചു.

ഞാന്‍ വീടു വിട്ട് വിദേശത്തു പഠിക്കാന്‍ പോയ മാസമായിരുന്നു അത്. അപരിചിതമായ ഒരു സംസ്‌കാരവും ഭാഷയും ഞാന്‍ നേരിടുകയും മുമ്പൊരിക്കലും സംഭവിക്കാത്തവിധം എന്റെ വിശ്വാസം ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന അവസരമായിരുന്നു അത്. ആ കുറിപ്പിലേക്കു ഞാന്‍ നോക്കിയപ്പോള്‍, ഔദാര്യമായ പ്രാര്‍ത്ഥനയുടെ വിലപ്പെട്ട സമ്മാനം എനിക്കു ലഭിച്ചിരുന്നു എന്നു ഞാന്‍ മനസ്സിലാക്കി.

എന്റെ സ്‌നേഹിതയുടെ ദയ, പ്രാര്‍ത്ഥിക്കാന്‍ 'പ്രേരിപ്പിക്കപ്പെട്ട'' മറ്റൊരാളെക്കുറിച്ച് എന്നെ ഓര്‍മ്മിപ്പിച്ചു: തന്റെ യുവ മിഷനറി സുഹൃത്തായ തിമൊഥെയൊസിനോടുള്ള പൗലൊസിന്റെ നിര്‍ദ്ദേശം: 'എന്നാല്‍ സകല മനുഷ്യര്‍ക്കും ... വിശേഷാല്‍ രാജാക്കന്മാര്‍ക്കും സകല അധികാരസ്ഥന്മാര്‍ക്കും വേണ്ടി യാചനയും പ്രാര്‍ത്ഥനയും പക്ഷവാദവും സ്‌തോത്രവും ചെയ്യണം എന്നു ഞാന്‍ സകലത്തിനും മുമ്പെ പ്രബോധിപ്പിക്കുന്നു'' (1 തിമൊഥെയൊസ് 2:1). 'സകലത്തിനും മുമ്പെ'' എന്ന പ്രയോഗം ഉയര്‍ന്ന മുന്‍ഗണനയെ ആണു സൂചിപ്പിക്കുന്നത്. നമ്മുടെ പ്രാര്‍ത്ഥന സുപ്രധാനമാണ് എന്നു പൗലൊസ് വിശദീകരിക്കുന്നു, കാരണം, 'സകല മനുഷ്യരും രക്ഷ പ്രാപിക്കുവാനും (യേശുവിനെക്കുറിച്ചുള്ള) സത്യത്തിന്റെ പരിജ്ഞാനത്തില്‍ എത്തുവാനും'' ദൈവം ആഗ്രഹിക്കുന്നു (വാ. 4).

മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുവാനും അവരെ തന്നിലേക്ക് അടുപ്പിക്കുവാനും ദൈവം നിരവധി മാര്‍ഗ്ഗങ്ങളില്‍ വിശ്വസ്തമായ പ്രാര്‍ത്ഥനയിലൂടെ പ്രവര്‍ത്തിക്കുന്നു. ഒരാളെക്കുറിച്ചുള്ള ചിന്ത മനസ്സില്‍ വരുമ്പോള്‍ അയാളുടെ സാഹചര്യം നമുക്കറിയില്ലായിരിക്കാം, എന്നാല്‍ ദൈവത്തിനറിയാം. നാം പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം ആ വ്യക്തിയെ സഹായിക്കുന്നു.

നല്‍കുന്ന അവസ്ഥയിലേക്കു വളരുക

'ഞാന്‍ മുത്തശ്ശന് ഒരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട്'' എന്റെ രണ്ടു വയസ്സുള്ള കൊച്ചുമകന്‍ എന്റെ കൈയിലേക്ക് ഒരു ബോക്സ് വെച്ചുതന്നിട്ട് ഉച്ചത്തില്‍ പറഞ്ഞു. 'അവന്‍ തനിയെ തിരഞ്ഞെടുത്താണത്'' എന്റെ ഭാര്യ പുഞ്ചിരിച്ചു.
ഞാന്‍ ബോക്സു തുറന്നു, അവന്റെ ഇഷ്ട കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ ക്രിസ്തുമസ് അലങ്കാരമായിരുന്നു അത്. 'ഞാനൊന്നു കാണട്ടെ' ആകാംക്ഷയോടെ അവന്‍ ചോദിച്ചു. എന്നിട്ട് അന്നു വൈകിട്ടു വരെ 'എന്റെ'' സമ്മാനവുമായി അവന്‍ കളിച്ചു. അവനെ വീക്ഷിച്ചുകൊണ്ടിരുന്ന ഞാന്‍ ചിരിച്ചു.

ഞാന്‍ ചിരിച്ചതിന്റെ കാരണം ഒരു കാലത്ത് ഞാന്‍ ഇഷ്ടപ്പെട്ടിരുന്ന സമ്മാനത്തെക്കുറിച്ച് ഓര്‍ത്തതുകൊണ്ടാണ്. ഞാന്‍ ഹൈസ്‌കൂളിലായിരുന്നപ്പോള്‍ എന്റെ ജ്യേഷ്ഠന് ഞാന്‍ ഒരു മ്യൂസിക് ആല്‍ബം സമ്മാനം നല്‍കുകയുണ്ടായി. അതു കേള്‍ക്കാന്‍ എനിക്കു വലിയ ആഗ്രഹമായിരുന്നു (ഞാന്‍ കേട്ടു). വര്‍ഷങ്ങള്‍ക്കു ശേഷവും കൂടുതല്‍ നിസ്വാര്‍ത്ഥമായി കൊടുക്കുവാന്‍ ദൈവം എന്നെ വളര്‍ത്തുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

നാം വളര്‍ച്ച പ്രാപിക്കേണ്ട ഒന്നാണ് നല്‍കല്‍. പൗലൊസ് എഴുതി, 'എല്ലാറ്റിലും നിങ്ങള്‍ മുന്തിയിരിക്കുന്നതുപോലെ ഈ ധര്‍മ്മകാര്യത്തിലും മുന്തിവരുവിന്‍'' (2 കൊരിന്ത്യര്‍ 8:7). നമുക്കുള്ളതെല്ലാം ദൈവത്തില്‍ നിന്നു ലഭിച്ചതാണെന്നു നാം മനസ്സിലാക്കുകയും 'വാങ്ങുന്നതിനേക്കാള്‍ കൊടുക്കുന്നതു ഭാഗ്യം'' എന്ന് അവന്‍ നമുക്കു കാണിച്ചു തരികയും ചെയ്യുമ്പോള്‍ (അപ്പൊ. പ്രവൃ. 20:35) നമ്മുടെ കൊടുക്കലില്‍ കൃപ നിറഞ്ഞുവരും.

എല്ലാറ്റിലും മികച്ച നിസ്വാര്‍ത്ഥമായ സമ്മാനം ദൈവം നമുക്കു ഔദാര്യമായി നല്‍കി: നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി ക്രൂശില്‍ മരിക്കുവാനും തുടര്‍ന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുവാനുമായി തന്റെ ഏക പുത്രനെ. ഈ ആത്യന്തികമായ സമ്മാനം സ്വീകരിക്കുന്ന ഏതൊരുവനും അളക്കാനാവാത്തത്ര ധനികനാണ്. നമ്മുടെ ഹൃദയങ്ങള്‍ അവനില്‍ കേന്ദ്രീകരിക്കുമ്പോള്‍ നമ്മുടെ കരങ്ങള്‍ മറ്റുള്ളവര്‍ക്കായി സ്നേഹത്തോടെ തുറക്കപ്പെടും.

ജാഗ്രതാ വൃത്തങ്ങള്‍

ആഫ്രിക്കന്‍ ഗസല്‍ എന്ന മാന്‍ പുല്‍മൈതാനത്തില്‍ വിശ്രമിക്കുന്നത് 'ജാഗ്രതാ വൃത്തങ്ങള്‍' രൂപപ്പെടുത്തിക്കൊണ്ടാണ്. അവ ഒരുമിച്ചു കൂടി ഓരോ മൃഗവും പുറത്തേക്ക് ഒരല്പം വ്യത്യസ്ത ദിശയില്‍ നോക്കിക്കൊണ്ട് കിടക്കുന്നു. ചക്രവാളത്തെ 360 ഡിഗ്രിയില്‍ നിരീക്ഷിക്കുവാനും സമീപിച്ചുകൊണ്ടിരിക്കുന്ന അപകടത്തെക്കുറിച്ചോ അല്ലെങ്കില്‍ അവസരത്തെക്കുറിച്ചോ പരസ്പരം ആശയവിനിമയം നടത്തുന്നതിനും അത് അവയെ സഹായിക്കുന്നു.

തങ്ങള്‍ക്കുവേണ്ടി മാത്രം നോക്കിക്കൊണ്ടിരിക്കാതെ സംഘത്തിലെ അംഗങ്ങള്‍ പരസ്പരം കരുതുന്നു. ഇതുതന്നെയാണ് യേശുവിന്റെ അനുയായികള്‍ക്കുവേണ്ടിയുള്ള ദൈവത്തിന്റെ ജ്ഞാനവും. 'ചിലര്‍ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മില്‍ പ്രബോധിപ്പിച്ചുകൊണ്ട്് സ്‌നേഹത്തിനും സല്‍പ്രവൃത്തികള്‍ക്കും ഉത്സാഹം വര്‍ദ്ധിപ്പിക്കുവാന്‍ അന്യോന്യം സൂക്ഷിച്ചുകൊള്ളുക' (എബ്രായര്‍ 10:24-25) എന്നു ബൈബിള്‍ നമ്മെ പ്രബോധിപ്പിക്കുന്നു.

ക്രിസ്തീയ വിശ്വാസികള്‍ തനിയെ സഞ്ചരിക്കാന്‍ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളവരല്ല എന്ന് എബ്രായലേഖനകാരന്‍ വിശദീകരിക്കുന്നു. ഒരുമിച്ചു നില്‍ക്കുമ്പോഴാണ് നാം ശക്തരായിരിക്കുന്നത്. നാം 'തമ്മില്‍ പ്രബോധിപ്പിക്കുവാനും' (വാ. 25) 'ദൈവം [നമ്മെ] ആശ്വസിപ്പിക്കുന്ന ആശ്വാസംകൊണ്ടു യാതൊരു കഷ്ടത്തിലുമുള്ളവരെ ആശ്വസിപ്പിക്കുവാനും' (2 കൊരിന്ത്യര്‍ 1:4) 'പ്രതിയോഗിയായ പിശാച് അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റിനടക്കുന്നതിനാല്‍' (1 പത്രൊസ് 5:8) അവന്റെ പദ്ധതിക്കെതിരെ ജാഗ്രതയായിരിക്കാന്‍ അന്യോന്യം സഹായിക്കേണ്ടതിനും നമുക്കു കഴിയും.

നമ്മുടെ അന്യോന്യമുള്ള കരുതലിന്റെ ലക്ഷ്യം കേവലം നിലനില്‍പ്പിനെക്കാളും അധികമാണ്. നമ്മെ ക്രിസ്തു സദൃശ്യരാക്കുകയാണ് ലക്ഷ്യം: ഈ ലോകത്തില്‍ സ്‌നേഹമുള്ളവരും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നവരുമായ ദൈവിക ശുശ്രൂഷകരാകുക-അവന്റെ വരുവാനിരിക്കുന്ന രാജ്യത്തിന്റെ പ്രത്യാശയിലേക്ക് ഉറപ്പോടെ ഒരുമിച്ചു നോക്കുന്നവരായിരിക്കുക. നമുക്കോരോരുത്തര്‍ക്കും പ്രോത്സാഹനം ആവശ്യമാണ്, നാം സ്‌നേഹത്തില്‍ ഒരുമിച്ച് അവന്റെ അടുത്തേക്കു ചെല്ലുമ്പോള്‍ ദൈവം നമ്മെ ഓരോരുത്തരെയും സഹായിക്കും.

സുരക്ഷിതമായ സ്ഥലം

ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ് നോര്‍ത്ത് കരോലിനയിലെ വില്‍മിങ്ടണില്‍ നശീകരണ ശക്തിയോടെ ആഞ്ഞടിക്കാന്‍ തുടങ്ങിയപ്പോള്‍, എന്റെ മകള്‍ അവളുടെ ഭവനം വിട്ടുപോകാന്‍ തയ്യാറെടുത്തു. ചുഴലിക്കാറ്റ് വഴിമാറിപ്പോകുമെന്ന പ്രതീക്ഷയില്‍ അവള്‍ അവസാന നിമിഷം വരെ കാത്തിരുന്നു. ഒടുവില്‍ എന്തെല്ലാം കൊണ്ടുപോകണമെന്നു നോക്കി സുപ്രധാന കടലാസുകളും ചിത്രങ്ങളും സാധനങ്ങളും അവള്‍ പരതി. ''വീടുവിട്ടു പോകുന്നത് ഇത്രമാത്രം പ്രയാസമുള്ളതാണെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല' പിന്നീട് അവള്‍ പറഞ്ഞു. 'എങ്കിലും ഞാന്‍ മടങ്ങിവരുമ്പോള്‍ എന്തെങ്കിലും അവിടെ ശേഷിക്കുമോ എന്ന് ആ നിമിഷത്തില്‍ എനിക്കറിയില്ലായിരുന്നു.'

ജീവിതത്തിലെ കൊടുങ്കാറ്റുകള്‍ വിവിധ രൂപത്തിലാണ് വരുന്നത്: ചുഴലിക്കാറ്റുകള്‍, കൊടുങ്കാറ്റുകള്‍, ഭൂകമ്പങ്ങള്‍, ജലപ്രളയം, വിവാഹബന്ധത്തിലും മക്കളുടെ കാര്യത്തിലും അവിചാരിതമായുണ്ടാകുന്ന പ്രശ്‌നങ്ങള്‍, പെട്ടെന്നുണ്ടാകുന്ന ആരോഗ്യ, സാമ്പത്തിക നഷ്ടം എന്നിങ്ങനെ. നാം വിലമതിക്കുന്നവ നിമിഷാര്‍ദ്ധത്തിനുള്ളില്‍ ഇല്ലാതാകുന്നു.

കൊടുങ്കാറ്റിന്റെ നടുവില്‍ ഒരു സുരക്ഷിത സ്ഥാനം തിരുവചനം നമുക്കു ചൂണ്ടിക്കാണിച്ചു തരുന്നു: 'ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളില്‍ അവന്‍ ഏറ്റവും അടുത്ത തുണയായിരിക്കുന്നു. അതുകൊണ്ട് ഭൂമി മാറിപ്പോയാലും ... നാം ഭയപ്പെടുകയില്ല'' (സങ്കീര്‍ത്തനം 46:1-2).

ഈ സങ്കീര്‍ത്തനത്തിന്റെ രചയിതാക്കള്‍, തലമുറകളായി ദൈവത്തെ സേവിച്ചവരില്‍ പെട്ടവനും പിന്നീട് ദൈവത്തോടു മത്സരിച്ചതിന്റെ ഫലമായി ഒരു ഭൂകമ്പത്തില്‍ നശിച്ചുപോയവനുമായ ഒരു മനുഷ്യന്റെ സന്തതികളായിരുന്നു (സംഖ്യാപുസ്തകം 26:9-11 കാണുക). അവര്‍ പങ്കുവയ്ക്കുന്ന വീക്ഷണം, താഴ്മയും ദൈവത്തിന്റെ മഹിമ, മനസ്സലിവ്, വീണ്ടെടുപ്പിന്‍ സ്‌നേഹം എന്നിവയെക്കുറിച്ചുള്ള ആഴമായ അറിവുമാണ്.

പ്രശ്‌നങ്ങള്‍ വരാം, എന്നാല്‍ അതിലെല്ലാം അതീതനാണ് ദൈവം. രക്ഷകന്റെ അടുത്തേക്ക് ഓടിച്ചെല്ലുന്നവന്‍, അവന്‍ കുലുങ്ങിപ്പോകുകയില്ല എന്നറിയും. അവന്റെ നിത്യസ്‌നേഹത്തിന്റെ കരവലയത്തില്‍ നാം നമ്മുടെ സമാധാന സ്ഥാനം കണ്ടെത്തും.

കാത്തിരിപ്പ് പ്രയോജനകരമാണ്

ടോക്കിയോയിലെ ഷിബുവാ ട്രെയിന്‍ സ്‌റ്റേഷനു വെളിയിലായി, ഹച്ചിക്കോ എന്നു പേരുള്ള ഒരു അക്കിതാ നായയുടെ ഓര്‍മ്മയ്ക്കായുള്ള ഒരു പ്രതിമയുണ്ട്. അതിന്റെ ഉടമസ്ഥനോടുള്ള അസാധാരണ വിശ്വസ്തതയുടെ പേരിലാണ് ഹച്ചിക്കോ ഓര്‍മ്മിക്കപ്പെടുന്നത്. ആ സ്റ്റേഷനില്‍ നിന്ന് എന്നും യാത്ര പുറപ്പെടുന്ന ഒരു യൂണിവേഴ്‌സിറ്റി പ്രഫസറായിരുന്നു അതിന്റെ ഉടമസ്ഥന്‍. രാവിലെ സ്റ്റേഷനിലേക്കുള്ള യാത്രയില്‍ അത് യജമാനന്റെ ഒപ്പം നടക്കുകയും ഉച്ചകഴിഞ്ഞ് ട്രെയിന്‍ എത്തുന്ന സമയത്ത് യജമാനനെ സ്വീകരിക്കാന്‍ വരികയും ചെയ്യുമായിരുന്നു.

ഒരു ദിവസം പ്രൊഫസര്‍ സ്റ്റേഷനിലേക്കു മടങ്ങിവന്നില്ല. ദുഃഖകരമെന്നു പറയട്ടെ, അദ്ദേഹം ജോലിസ്ഥലത്തുവെച്ചു മരിച്ചു. എന്നാല്‍ തന്റെ ജീവിതത്തിന്റെ ശേഷിക്കുന്ന കാലമത്രയും-ഒന്‍പതിലധികം വര്‍ഷങ്ങള്‍-ഉച്ചകഴിഞ്ഞു ട്രെയിന്‍ എത്തുന്ന സമയത്ത് ഹിച്ചിക്കോ സ്‌റ്റേഷനില്‍ മുടങ്ങാതെ എത്തി. ഓരോ ദിവസവും കാലാവസ്ഥ വകവെയ്ക്കാതെ, തന്റെ യജമാനന്റെ മടങ്ങിവരവിനായി അതു കാത്തുനിന്നു.

തെസ്സലൊനീക്യരുടെ 'വിശ്വാസത്തിന്റെ വേലയും സ്‌നേഹപ്രയത്‌നവും' 'യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രത്യാശയുടെ സ്ഥിരതയും' എടുത്തു പറഞ്ഞുകൊണ്ട് അവരുടെ വിശ്വസ്തതയെ പൗലൊസ് അഭിനന്ദിക്കുന്നു (1 തെസ്സലൊനീക്യര്‍ 1:3). കഠിനമായ എതിര്‍പ്പിന്റെ നടുവിലും 'ജീവനുള്ള സത്യദൈവത്തെ സേവിക്കുവാനും ... യേശു സ്വര്‍ഗ്ഗത്തില്‍നിന്നു വരുന്നത് കാത്തിരിക്കുവാനും' (വാ. 9-10) വേണ്ടി അവര്‍ തങ്ങളുടെ പഴയ വഴികളെ ഉപേക്ഷിച്ചു.

തങ്ങളുടെ രക്ഷകനിലും അവരോടുള്ള അവന്റെ സ്‌നഹത്തിലുമുള്ള സജീവ പ്രത്യാശ ഈ ആദിമ വിശ്വാസികളെ തങ്ങളുടെ കഷ്ടതകള്‍ക്കപ്പുറത്തേക്കു കാണുവാനും ഉത്സാഹത്തോടെ തങ്ങളുടെ വിശ്വാസം പങ്കുവയ്ക്കുവാനും പ്രേരിപ്പിച്ചു. യേശുവിനുവേണ്ടി ജീവിക്കുന്നതിനേക്കാളും മെച്ചമായ മറ്റൊന്നുമില്ല എന്നവര്‍ക്ക് ഉറപ്പുണ്ടായിരുന്നു. അവരെ ശക്തീകരിച്ച അതേ പരിശുദ്ധാത്മാവ് (വാ. 5) നാം യേശുവിന്റെ വരവിനെ നാം കാത്തിരിക്കുമ്പോള്‍ തന്നേ അവനെ വിശ്വസ്തമായി സേവിക്കുവാനും നമ്മെയും ശക്തീകരിച്ചുകൊണ്ടിരിക്കുന്നു എന്നറിയുന്നത് എത്ര നല്ലതാണ്.